‘The forty rules of Love


Geetha Mary Jimmy

‘The forty rules of Love – A novel of Rumi’ – – Main prop in movie – പുസ്തകപരിചയം

അപൂർവമായി ചില പുസ്തകങ്ങൾ നമ്മെ തേടിയെത്തുന്നത് മനസ്സ് നിറയ്ക്കുന്ന വായനാനുഭവം സമ്മാനിക്കുവാനായിരിക്കും. അവ നമ്മൾ വായിച്ചവസാനിപ്പിക്കുമ്പോൾ വല്ലാത്ത ഒരു നഷ്ടബോധം അല്ലെങ്കിൽ ഒരു ‘ഹാങ്ങ് ഓവർ’ അവശേഷിപ്പിക്കുകയും ചെയ്യും. കുറെ നാളുകൾക്കു ശേഷം വായിച്ച അത്തരം ഒരു പുസ്തകം ആണ് ടർക്കിഷ് എഴുത്തുകാരി ആയ Elif Shafak എഴുതിയ ‘The forty rules of Love – A novel of Rumi’.
13-ആം നൂറ്റാണ്ടിൽ ജീവിച്ച ഇസ്ലാമിക മതപണ്ഡിതനും കവിയുമായ ജലാലുദ്ദിൻ റുമിയും തബ്രീസിലെ ഷംസ് (Shams of Tabriz) എന്ന ദർവീശും (dervish*) തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് നോവലിന്റെ ഇതിവൃത്തം. 20-ആം നൂറ്റാണ്ടിൽ ‘Sweet Blasphemy’ എന്ന പേരിൽ റൂമിയുടെയും ഷംസിൻെറയും ഗാഢബന്ധത്തിന്റെ കഥ എഴുതിയ Aziz Zehra എന്ന നോവലിസ്റ്റ് അമേരിക്കയിലെ ബോസ്റ്റണിൽ ഉള്ള പ്രസാധകർക്ക് അത് അയച്ചു കൊടുക്കുകയും നോവൽ വായിച്ചു റിപ്പോർട്ട് തയാറാകുവാനുള്ള ചുമതല Ella എന്ന വീട്ടമ്മയിൽ നിക്ഷിപ്തമാകുകയും ചെയ്യുന്നു.
ഭർത്താവും കുട്ടികളും പാചക ക്ലാസ്സുകളുമൊക്കെയായി ജീവിതം വലിയ കയറ്റിറക്കങ്ങൾ ഒന്നുമില്ലാതെ ( ഭർത്താവുമായുള്ള ബന്ധം Ella യുടെ തന്നെ ഭാഷയിൽ – they did not connect on any deeper levels) മുന്നോട്ടു പോകുമ്പോൾ ഈ നോവൽ Ella യുടെ ജീവിതത്തെ പിടിച്ചുലയ്ക്കുന്നു.
റൂമിയും അദ്ദേഹത്തിന്റെ കവിതാശകലങ്ങൾ ചിലതെങ്കിലും നമുക്ക് പരിചിതമാണ്. എന്നാൽ ഒരു മതപണ്ഡിതനിൽ നിന്നും ലോകമറിയുന്ന സ്നേഹഗായകനായ കവിയിലേക്ക് റൂമിയെ മാറ്റുന്നതിൽ നാടോടിയായ Dervish , Shams of Tabriz വഹിച്ച പങ്കു വലുതാണ്. അതുകൊണ്ടു തന്നെ കഥയിൽ ഉടനീളം നിറഞ്ഞാടുന്നതും തബ്രീസിലെ ഷംസ് തന്നെ.
13-ആം നൂറ്റാണ്ടിലെ യാഥാസ്ഥിതികമായ ഇസ്‌ലാമിക തത്വശാസ്ത്രങ്ങളും സൂഫിസം ഉയർത്തിപ്പിടിക്കുന്ന സ്നേഹം എന്ന മതവും തമ്മിലുള്ള ആശയസമ്പർക്കങ്ങളും ബൗദ്ധിക സംഘട്ടനങ്ങളും ചിന്തോദ്ധീപകമായി ഈ കൃതിയിൽ ഉടനീളം കാണാം. സമകാലീന സംഭവങ്ങൾ ഇസ്‌ലാമിനെ കുറിച്ചും മുസ്ലിം സഹോദരരെ കുറിച്ചും ചിലരുടെയെങ്കിലും മനസ്സുകളിൽ ചോദ്യങ്ങൾ ഉയർത്തുമ്പോൾ തബ്രീസിലെ ഷംസ് ഉയർത്തിപ്പിടിക്കുന്ന സ്നേഹത്തിന്റെ മതം എല്ലാവരും അറിഞ്ഞിരുന്നുവെങ്കിൽ, പഠനവിഷയമാക്കിയിരുന്നുവെങ്കിൽ എന്ന് ആശിക്കുക സ്വാഭാവികം.
മതപണ്ഡിതൻ എന്ന നിലയിൽ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും റൂമിയുടെ ജീവിതത്തിൽ ആഴമേറിയ ആധ്യാത്മിക അനുഭവം കൈവന്നത് തബ്രീസിലെ ഷംസിലൂടെയാണ്. നോവലിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ സൂഫിവര്യനായ ഷംസ് താൻ വിശ്വസിക്കുന്ന സ്നേഹമാകുന്ന മതത്തെ 40 നിയമങ്ങളിലൂടെ ഈ കൃതിയിൽ പലപ്പോഴായി അവതരിപ്പിക്കുന്നുണ്ട്. ഈ 40 നിയമങ്ങളും ഓരോ വായനക്കാരോടും ഓരോ അർത്ഥതലങ്ങളിൽ സംവദിക്കുന്നു; വളരെ ആഴത്തിൽ സ്പർശിക്കുന്നു.
സൃഷ്ടി എന്ന നിലയിൽ സൃഷ്ടാവായ ദൈവത്തെ എങ്ങനെ മനസിലാക്കണമെന്നും ഈ ലോകത്തിൽ നമ്മൾ എങ്ങനെ പരസ്പരം സ്നേഹിക്കണമെന്നും പറയാതെ പറയുകയും ചെയ്യുന്നു ഈ കൃതിയുടെ രത്നചുരുക്കമായ സ്നേഹത്തിന്റെ 40 നിയമങ്ങൾ.
തബ്രീസിലെ ഷംസ് കടന്നുവരുന്ന വഴികളും കണ്ടുമുട്ടുന്ന മറ്റു കഥാപാത്രങ്ങളും അവർക്കിടയിലെ ആശയവിനിമയവും മനോഹരമായ ഒട്ടനവധി നിമിഷങ്ങൾ വായനക്കാർക്കു സമ്മാനിക്കുന്നുണ്ട്.
ഞാൻ അറിഞ്ഞ ദൈവം നസ്രായനായ യേശു ആയതുകൊണ്ടാവാം മദ്യപാനിയെയും വേശ്യയെയും സ്നേഹിക്കണമെന്നു പഠിപ്പിക്കുമ്പോൾ എന്റെ മനസ്സിൽ മറ്റൊരു ക്രിസ്തുവായി ഷംസ്. ക്രിസ്ത്യാനി ആയി ജനിച്ചു മുസ്ലിമായി മതം മാറി റൂമിയുടെ ഭാര്യയായ Kerra മനസ്സ് വിഷമിച്ചിരുന്ന ഒരു സായാഹ്നത്തിൽ അപ്പമുണ്ടാകാൻ കുഴച്ച മാവിൽ നിന്നും അല്പമെടുത്തു ദൈവമാതാവായ മറിയത്തിന്റെ രൂപം മെനഞ്ഞുകൊണ്ടിരുന്നപ്പോൾ പിന്നിൽ കൂടി വന്ന ഷംസിനെ കണ്ടു താൻ മതനിന്ദ കാട്ടിയെന്ന് അദ്ദേഹം കരുതുമോ എന്ന് ഭയപ്പെടുന്നു. എന്നാൽ മുസ്ലിമായതിന്റെ പേരിൽ മറിയത്തെ തള്ളിപറയേണ്ടതില്ല എന്ന് പറഞ്ഞു kerra യെ ആശ്വസിപ്പിച്ച ഷംസിന്റെ സ്നേഹമതം എത്ര ഉദാത്തമാണെന്നു നാം തിരിച്ചറിയുന്നു. ഇത്തരം വർണ്ണനകൾ അവാച്യമായ ഒരു അനുഭൂതി നിറച്ചു നമ്മുടെ കണ്ണുകളെ ഈറനണിയിക്കുന്നു.
പ്രസാധക സ്ഥാപനത്തിന് വേണ്ടി മനസ്സിലാ മനസ്സ്സോടെ ‘Sweet Blasphemy’ എന്ന നോവൽ വായിച്ചു തുടങ്ങിയ Ella യെ ഷംസിന്റെ 40 നിയമങ്ങൾ ആഴത്തിൽ സ്പർശിക്കുന്നു. നോവലിസ്റ്റ് ആയ അസീസ്ഉം Ella യുമായി ഉടലെടുക്കുന്ന ഇമെയിൽ സംവാദം സൗഹൃദത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും വഴിമാറുകയും Ella യുടെ ജീവിതത്തെ ഉടച്ചുവാർക്കുകയും ചെയ്യുന്നു. ഭൗതികമായി എല്ലാം തികഞ്ഞ തന്റെ ജീവിതത്തിന്റെ ആത്മീയ ദാരിദ്ര്യത്തെ, അതിന്റെ നടുക്കുന്ന യാഥാർഥ്യങ്ങളെ ധൈര്യപൂർവം അഭിമുഖീകരിക്കുവാൻ Ella യെ പ്രാപ്തയാക്കുന്ന മധ്യവയസ്സിലെ പ്രണയം ഇരുവർക്കും മാംസനിബദ്ധമല്ലാത്ത ഓർമ്മകൾ സമ്മാനിക്കുന്നു. ഒടുവിൽ സൂഫികളുടെ നിരയിലേക്ക് Ella യും ചേരുന്നിടത്തു നോവൽ അവസാനിക്കുന്നു.
ഈ ലോകത്തിൽ നിന്നും ഓരോ സൂഫി വിടപറയുമ്പോളും മറ്റൊരു സൂഫി എവിടെയോ ജനിക്കുന്നു എന്ന് നോവലിന്റെ അവസാനം പറയുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ റൂമിയും ഷംസ് ഉം ക്രിസ്തുവും മുതൽ ഉസ്താദ് ഹോട്ടലിൽ ബിരിയാണി വിളമ്പിയ തിലകനും തെരുവ് കുട്ടികളെയും വേശ്യയെയും ചങ്ങാതിമാരാക്കിയ ദുല്ഖര് സൽമാന്റെ ചാർലി യും ഒക്കെ ഈ സൂഫി പരമ്പരയിലെ കണ്ണികൾ തന്നെ അല്ലെ എന്ന് മനസ്സ് ചോദിച്ചു.
13-ആം നൂറ്റാണ്ടിലെ റൂമി – ഷംസ് ആത്മബന്ധവും 20-ആം നൂറ്റാണ്ടിലെ Ella – അസീസ് പ്രണയവും മനോഹരമായി ഊടും പാവും നെയ്തു അവതരിപ്പിക്കുന്നതിൽ മാത്രമല്ല, വായനക്കാരുടെ മനസ്സുകളിൽ തീരെ അലോസരം സൃഷ്ടിക്കാതെ നമ്മെ ഈ രണ്ടു കാലഘട്ടങ്ങളിലേക്കും രണ്ടു വ്യത്യസ്ത ലോകങ്ങളിലേക്കും ഒരു പെന്ഡുലത്തിന്റെ താളത്തിൽ മാറി മാറി കൂട്ടികൊണ്ടു പോകാൻ Elif Shafak – ഇന് അനായാസേന സാധിക്കുന്നു.
മതവും ആത്മീയതയും തമ്മിൽ വേർതിരിവുകൾ അറിയാവുന്നവരും അതന്വേഷിക്കുന്നവരും തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ്
Elif ശഫാക് ഇന്റെ The forty rules of Love – A novel of Rumi”
*Dervish
A member of Muslim (specifically Sufi) religious order who has taken vows of poverty and austerity. They first appeared in the 12th century; they were noted for their wild or ecstatic rituals and were known as dancing, whirling or howling dervishes.